ചരിത്രം
സാമൂഹിക ചരിത്രം
കുട്ടമംഗലം വില്ലേജിന്റെ ഭാഗമായിരുന്നു ഈ പഞ്ചായത്ത്. 1933-35 കാലഘട്ടത്തില്‍ സര്‍.സി.പി.രാമസ്വാമി അയ്യരുടെ കാലത്ത് അന്നത്തെ എം.എല്‍.സി ആയിരുന്ന തരിയത് കുഞ്ഞിതൊമ്മന്റെ നിര്‍ദ്ദേശപ്രകാരം ഇന്നത്തെ മന്നാംകണ്ടം പഞ്ചായത്ത് അതിര്‍ത്തിക്കുള്ളില്‍ 3000 ഏക്കര്‍ ഭൂമി ലേലം ചെയ്ത് വില്‍ക്കുകയുണ്ടായി. പാലാ സെന്‍ട്രല്‍ ബാങ്കും അതിനോടനുബന്ധിച്ചുള്ള കുറേ സാമ്പത്തികശേഷിയുള്ള ആളുകളും പല ഭാഗങ്ങള്‍ ലേലത്തില്‍ സ്വന്തമാക്കി. 1934 മാര്‍ച്ച് മാസത്തില്‍ ആദ്യമായി ഇവിടെ കൃഷി ഇറക്കി. ആ കാലഘട്ടത്തില്‍ വിരിപ്പു നെല്ല് മാത്രമാണ് കൃഷി ചെയ്തിരുന്നത്. ഈ പഞ്ചായത്തതിര്‍ത്തിക്കുള്ളില്‍ ആ കാലഘട്ടത്തില്‍ തന്നെ 200 ഏക്കര്‍ ഭൂമി ഇന്നത്തെ 200 ഏക്കര്‍ എന്നറിയപ്പെടുന്ന സ്ഥലത്തും 100 ഏക്കര്‍ ഭൂമി അന്ന് ഇടക്കാനം എന്ന് അറിയപ്പെട്ടിരുന്ന ഇന്നത്തെ ചാറ്റുപാറയിലും ഹരിജനങ്ങള്‍ക്കായി നല്‍കുകയുണ്ടായി. അടിമാലി എന്ന പട്ടണം ഇന്ന് സ്ഥിതി ചെയ്യുന്ന പ്രദേശത്ത് 14 ഏക്കര്‍ ഭൂമി പൊതു ആവശ്യങ്ങള്‍ക്കായി നീക്കിവെച്ചു. അതിനുശേഷം ലേലത്തില്‍ ഉടമകളായ സ്ഥാപനങ്ങളും വ്യക്തികളും മറ്റ് കര്‍ഷകര്‍ക്ക് പാട്ട വ്യവസ്ഥയില്‍ ഓരോ ഭാഗങ്ങള്‍ തിരിച്ചുനല്‍കുകയും ചെയ്തു. കപ്പ, ഇഞ്ചിപ്പുല്ല് തുടങ്ങിയ കൃഷികള്‍ പ്രാബല്യത്തില്‍ വരികയും ചെയ്തു. പി.എസ്.റാവുവിന്റെ കാലത്ത് 1949 ല്‍ കൊടിയ ഭക്ഷ്യക്ഷാമം നേരിട്ടപ്പോള്‍ ഗ്രോമോര്‍ ഫുഡ് പ്രോഗ്രാം അനുസരിച്ച് കുത്തകപ്പാട്ട വ്യവസ്ഥയില്‍ ആദ്യം ലേലം ചെയ്തു കൊടുത്ത ഭൂമിയോട് അടുത്തു കിടക്കുന്ന കുറേ ഭൂമി കൃഷിക്കാര്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ മാത്രം കൃഷി ചെയ്യുന്നതിന് കൊടുത്തു. കര്‍ഷകര്‍ നെല്‍കൃഷി ചെയ്യുന്നതിനോടൊപ്പം കപ്പ കൃഷി ചെയ്യാനാരംഭിച്ചു. പക്ഷെ ഫോറസ്റ് അധികാരികള്‍ അതെല്ലാം പിഴുതുകളഞ്ഞു. 1954-55 കാലഘട്ടത്തില്‍ ഇവിടെ കൃഷിക്കാര്‍ സംഘടിച്ച് കര്‍ഷക സംഘടനയ്ക്കു രൂപം നല്‍കി. അന്ന് ഈ പ്രദേശങ്ങളില്‍ നടക്കുന്ന ആധാരങ്ങളില്ലെല്ലാം ഈ പ്രദേശം പൂഞ്ഞാര്‍ തമ്പുരാക്കന്മാരുടെ വകയാണെന്നും സര്‍ക്കാരുമായി കേസ് നടക്കുന്നതാണെന്നും രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. നാണ്യവിളകളും, കപ്പ മുതലായ കിഴങ്ങ് വര്‍ഗ്ഗങ്ങളും കൃഷി ചെയ്യാനുള്ള അനുവാദം കിട്ടിയത് 1957 ല്‍ അധികാരത്തില്‍ വന്ന ജനകീയ സര്‍ക്കാരിന്റെ കാലത്താണ് (1958ല്‍). ഈ പ്രദേശത്തുള്ള കൃഷിക്കാര്‍ക്ക് പട്ടയം കിട്ടുന്നതിന് ശ്രീ.തരീത് കുഞ്ഞുതൊമ്മന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണ്. അന്ന് ലെവി സമ്പ്രദായം നിലനിന്നിരുന്നു. ഉല്‍പ്പന്നങ്ങളുടെ പകുതിയും ലെവിയായി കൊടുക്കണമായിരുന്നു. അതിനെതിരെ കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ ശക്തമായ സമരം നടത്തിയിട്ടുണ്ട്. ഈ പഞ്ചായത്തിലെ ആദ്യത്തെ കോളനിയാണ് ദേവിയാര്‍ കോളനി. ഭക്ഷ്യവസ്തുക്കളുടെ ക്ഷാമം തീര്‍ക്കാന്‍ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ കോളനി സ്ഥാപിച്ചപ്പോള്‍ മറയൂരില്‍ സ്ഥാപിച്ച കോളനി വെള്ളം കിട്ടാത്തത് കൊണ്ട് മാറ്റി സ്ഥാപിച്ചതാണ് ദേവിയാര്‍ കോളനി. 79 കുടുംബങ്ങള്‍ ആയിരുന്നു ഈ കോളനിയില്‍. ഈ കോളനി സ്കീമില്‍ വന്നതാണ് ദേവിയാര്‍ ഗവണ്‍മെന്റ് എല്‍.പി സ്കൂള്‍. അതിനുശേഷം 1976 ല്‍ ഇത് ഹൈസ്കൂള്‍ ആയി. മതസൌഹാര്‍ദ്ദത്തിന്റെയും സഹകരണത്തിന്റെയും പ്രതീകമായിരുന്നു ഇവിടുത്തെ ദേവിയാര്‍ കോളനി. ഈ കോളനിയില്‍ ഉണ്ടായിരുന്ന ബ്രാഹ്മണ അയ്യര്‍ (മണി അയ്യര്‍), ദളിത് വിഭാഗത്തില്‍പ്പെട്ട (പുലയര്‍) കുടുംബങ്ങളില്‍ നിന്ന് തന്റെ ആണ്‍മക്കളെകൊണ്ട് വിവാഹം കഴിപ്പിക്കുകയും പെണ്‍മക്കളെ പറയജാതികളില്‍പ്പെട്ട പുരുഷന്മാര്‍ക്ക് (ഉള്ളാട) വിവാഹം ചെയ്തു കൊടുക്കുകയും ചെയ്തു.
കാര്‍ഷിക ചരിത്രം
1957 ന് ശേഷം ഈ കുത്തകപ്പാട്ട ഭൂമിയിലും ഇഞ്ചിപ്പുല്ല് കൃഷി ചെയ്യുന്നതിന് അനുവാദം നല്‍കുകയുണ്ടായി. ആ കാലഘട്ടത്തില്‍ ഇഞ്ചിപ്പുല്‍ കൃഷിക്ക് ഭൂവുടമകള്‍ കര്‍ഷകരില്‍ നിന്ന് ഏക്കര്‍ ഒന്നിന് ഒരു വര്‍ഷത്തില്‍ രണ്ടര കുപ്പി തൈലം പാട്ടമായി വാങ്ങിയിരുന്നു. തുടര്‍ന്ന് മറ്റ് കൃഷികളും അവിടവിടെ ചെയ്തു തുടങ്ങി. മന്നാന്‍മാര്‍ അധിവസിച്ചിരുന്ന പ്രദേശമായിരുന്നതിനാല്‍ ഈ പ്രദേശത്തിന് ‘മന്നാംകണ്ടം’ എന്ന പേര് വന്നു. 1955-ല്‍ ഗ്രാമപഞ്ചായത്ത് നിലവില്‍ വന്നപ്പോള്‍ കവളങ്ങാട് പഞ്ചായത്തിന്റെ ആറാം വാര്‍ഡായിരുന്നു കുട്ടമ്പുഴ, മന്നാംകണ്ടം എന്നീ പഞ്ചായത്തുകള്‍ ഉള്‍പ്പെട്ട പ്രദേശം. 1960-ല്‍ ഇന്നത്തെ അടിമാലി പഞ്ചായത്ത് മന്നാംകണ്ടം പഞ്ചായത്ത് എന്ന പേരില്‍ രൂപം കൊണ്ടു. ഇഞ്ചിപ്പുല്‍ കൃഷി ഭീമമായ നഷ്ടത്തില്‍ കലാശിച്ചതിനെ തുടര്‍ന്ന് 1960 കാലഘട്ടങ്ങളില്‍ പട്ടയ ഭൂമിയിലും അതിനുമുകളില്‍ വരുന്ന റവന്യൂ കുത്തകപ്പാട്ട ഭൂമികളിലും കമുക് വ്യാപകമായി കൃഷി ചെയ്യാനാരംഭിച്ചു. കൂട്ടത്തില്‍ തെങ്ങ്, കുരുമുളക്, കാപ്പി, ഏലം, പ്ളാവ്, മാവ് തുടങ്ങിയവയാണ് ആദ്യകാലത്തെ പ്രധാന നാണ്യവിളകള്‍.
സാംസ്ക്കാരിക ചരിത്രം
1995 ലാണ് പഴയ മന്നാംകണ്ടം പഞ്ചായത്ത് അടിമാലി പഞ്ചായത്ത് എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. 1946 ന് മുമ്പ് ഈ പഞ്ചായത്തിലെ താമസക്കാര്‍ മന്നാന്‍, മുതുവന്‍ സമുദായത്തില്‍പ്പെട്ട ആദിവാസികളായിരുന്നു. അടിമാലി, ഇരൂന്നൂറേക്കര്‍, മച്ചീപ്ളാവ് തുടങ്ങിയ ചതുപ്പ് പ്രദേശത്ത് ഇവര്‍ വര്‍ഷാവര്‍ഷം മാറിമാറി കൃഷിയിറക്കുകയും കരഭൂമിയില്‍ സുരക്ഷിത സ്ഥാനങ്ങളില്‍ കൂട്ടമായി താമസിക്കുകയും ചെയ്തിരുന്നു. മന്നാംകണ്ടം പഞ്ചായത്തിന് ആ പേരുവരാന്‍ തന്ന കാരണം ഈ പ്രദേശത്ത് മന്നാന്‍ സുമുദായത്തില്‍പ്പെട്ട ആദിവാസികള്‍ ആദിമകാലത്ത് താമസിച്ചിരുന്നതുകൊണ്ടാണ്. ആദിവാസികള്‍ക്ക് അവരുടേതായ തനത് സംസ്കാരവും കലയും ഉണ്ടായിരുന്നു. കൂട്ടുകുടുംബ വ്യവസ്ഥയില്‍ മരുമക്കത്തായ സമ്പ്രദായമാണ് നിലനിന്നിരുന്നത്. അന്നും ഇന്നും കൂട്ടം കൂടി താമസിക്കുന്ന സ്വഭാവക്കാരുമാണ്. ഇവരുടെ പവിത്രമായ കുടുംബ ജീവിതവും അതിനുവേണ്ടിയുള്ള ചട്ടക്കൂടും ലിഖിതമെല്ലങ്കിലും കീഴ്വഴക്കമായി ഇന്നും നിലനില്‍ക്കുന്നു. 1946 കാലഘട്ടത്തിലാണ് ഈ പഞ്ചായത്തില്‍ കുടിയേറ്റം ആരംഭിക്കുന്നത്. അന്ന് സര്‍ക്കാര്‍ ഗ്രോമോര്‍ ഫുഡ് പ്രോഗ്രാമില്‍ കോതമംഗലം, മൂവാറ്റുപുഴ പ്രദേശങ്ങളിലെ ജന്മിമാര്‍ക്ക് കൃഷിക്കായി ചതുപ്പുകള്‍ ലേലം ചെയ്തും കുത്തക പാട്ടവ്യവസ്ഥയിലും നല്‍കി. ഇവിടെ കൃഷിയിറക്കാന്‍ വന്നവരും അവരുടെ പണിക്കു വന്നവരുമാണ് ആദ്യത്തെ താമസക്കാര്‍. പിന്നീട് പങ്ക്, പാട്ടം, വാരം അടിസ്ഥാനത്തില്‍ കൃഷിയാരംഭിക്കുകയും ചെയ്തതോടെ ജനവാസം വര്‍ദ്ധിപ്പിച്ചു